12:28am 29 October 2026
NEWS
ഇറാനിൽ അമേരിക്ക ഉടൻ ആക്രമണം നടത്തും; അമേരിക്കൻ സൈന്യം സജ്ജം; ആഴ്ചകൾ നീളുന്ന സൈനിക നടപടികളെന്നും റിപ്പോർട്ട്
16/02/2026  08:15 AM IST
nila
 ഇറാനിൽ അമേരിക്ക ഉടൻ ആക്രമണം നടത്തും; അമേരിക്കൻ സൈന്യം സജ്ജം; ആഴ്ചകൾ നീളുന്ന സൈനിക നടപടികളെന്നും റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനിൽ അമേരിക്ക ഉടൻ ആക്രമണം നടത്തുമെന്ന് റിപ്പോർട്ട്. ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടികൾക്കാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ഇതിനായി അമേരിക്കൻ സൈന്യം സജ്ജമായി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇറാനും അമേരിക്കയും തമ്മിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകുമെന്ന് രണ്ട് യു.എസ്. ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യു.എസ്–ഇറാൻ ആണവചർച്ചകൾ തുടരുന്നതിനിടെയാണ് ഇറാനിൽ ഉടൻ ആക്രമണമുണ്ടാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്. യു.എസ്.എസ് എബ്രഹാം ലിങ്കൺ ഇറാനോട് അടുത്ത് വിന്യസിച്ചിരിക്കുകയാണ്, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡും ട്രംപ് ഇറാനിലേക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ സേനാപരിപാടിയിൽ പങ്കെടുക്കവേ, ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാമെന്ന് ട്രംപ് പരാമർശിച്ചിരുന്നു. “അതാണ് സംഭവിക്കാവുന്നതിൽ ഏറ്റവും നല്ല കാര്യമാണെന്ന് തോന്നുന്നു” എന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്റെ ഭരണം ആര് ഏറ്റെടുക്കണം എന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുദ്ധത്തിനുള്ള തയ്യാറെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പെന്റഗണും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ യു.എസ്. സേനാതാവളങ്ങളെ വെറുതേവിടില്ല എന്നാണ് ഇറാന്റെ ഭീഷണി. ജോർദാൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ., തുർക്കി എന്നിവിടങ്ങളിൽ യു.എസിന് സേനാതാവളങ്ങളുണ്ട്.

അതിനിടെ, ഇറാനിൽ യു.എസ്. സൈനികമായി ഇടപെടുന്നതാണ് നല്ലതെന്നും ആണവക്കരാറിന്റെ കാര്യത്തിൽ സുദീർഘചർച്ച നടത്തേണ്ടെന്നും റേസ പഹ്‌ലവി പറയുകയുണ്ടായി. ഇസ്‌ലാമിക ഭരണകൂടം അട്ടിമറിക്കുംവരെ ഇറാൻ ഭരിച്ചിരുന്ന മുഹമ്മദ് റേസ പഹ്‌ലവിയുടെ മകനാണ് യു.എസിൽ കഴിയുന്ന റേസ. ഇറാന്റെ ഭരണാധികാരിയാകാൻ തയ്യാറാണെന്ന് ഇദ്ദേഹം പലതവണ സൂചിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img